12:32am 10 November 2026
NEWS
വയനാട്ടിലെ വനിതാ എഞ്ചിനീയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
15/06/2025  09:40 AM IST
nila
വയനാട്ടിലെ വനിതാ എഞ്ചിനീയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിം​ഗിന്റെ പേരിൽ മാനന്തവാടി സ്വദേശിനിയായ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഒഡിഷ സത്യഭാമപ്പുർ ഗോതഗ്രാം സ്വദേശി സുശീൽകുമാർ ഫാരിഡ (31) ആണ് പൊലീസിന്റെ പിടിയിലായത്. സോഫ്റ്റുവെയർ എഞ്ചിനീയറായ യുവതിയാണ് ഇയാളുടെ തട്ടിപ്പിനിരയായത്. 13 ലക്ഷത്തോളം രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് സൂചന. 

2024 മാർച്ചിലാണ് പരാതിക്കാരിയെ പ്രതികൾ ടെലിഗ്രാംവഴി ബന്ധപ്പെട്ടത്. ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (1930) വഴി പരാതി രജിസ്റ്റർചെയ്യുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പോലീസ് മാസങ്ങൾനീണ്ട അന്വേഷണത്തിൽ ചെന്നൈ സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ മുരുകൻ എന്നയാളെ പിടികൂടി. ഇയാളുടെ അക്കൗണ്ടിലേക്കായിരുന്നു യുവതി പണം അയച്ചിരുന്നത്. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ഒഡിഷക്കാരനായ സുശീൽകുമാർ ഫാരിഡയെക്കുറിച്ചറിയുന്നത്.

പ്രതി ചെന്നൈയിലെത്തി വ്യാജകമ്പനിയുടെപേരിൽ ചെറിയ തുകകൾ നൽകി ബാങ്ക് അക്കൗണ്ടുകൾ വാങ്ങുകയായിരുന്നു. അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺനമ്പർ മാറ്റി തട്ടിപ്പ് നടത്തിയെന്നും പൊലീസിന് വിവരം ലഭിച്ചു. മുരുകന്റെ അക്കൗണ്ട് പണംകൊടുത്തുവാങ്ങിയാണ് പ്രതി സോഫ്റ്റ്‌വേർ എൻജിനിയറിൽനിന്ന് പണം തട്ടിയെടുത്തത്. ഒഡിഷയിലേക്ക് തിരികെപ്പോയ പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിലെത്തിയപ്പോഴാണ് പിടികൂടിയത്.

ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ആഡംബര കാറായ ബിഎംഡബ്ല്യുവിൽ യാത്രചെയ്യവേയാണ് ഇയാൾ പിടിയിലായത്. കാറും കാറിലുണ്ടായിരുന്ന നാലു ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ ഉറപ്പാക്കാൻ വയനാട് ആർടി ഓഫീസിലെ എംവിഐ പത്മലാലിന്റെ സഹായവും പോലീസിന് ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img